Advertisment Image

ഇരട്ടി കിട്ടുമെന്ന ആർത്തിയിൽ നഷ്ടമായത് 13.98 ലക്ഷം രൂപ. ടാസ്ക് തട്ടിപ്പിൽ വീണത് 26കാരൻ. ഉത്തരേന്ത്യക്കാരിയുടെ വലയിൽ വീണ് ഒടുവിൽ പോക്കറ്റ് കാലിയായി


കൊച്ചി: കൊച്ചിയിൽ ‘ടാസ്‌ക്’ തട്ടിപ്പിലൂടെ എറണാകുളം സ്വദേശിയായ എൻജിനിയറിൽ നിന്ന് 13.98 ലക്ഷം രൂപ തട്ടിയെടുത്തു. 26 വയസ്സുള്ള യുവാവിൻ്റെ പരാതിയിൽ മുളവുകാട് പൊലീസ് സോണാലി എന്ന ഉത്തരേന്ത്യൻ യുവതിയെ പ്രതിയാക്കി കേസെടുത്തു. അക്കൗണ്ടിലെ കുറഞ്ഞ തുക ഫ്രീസ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കു മുമ്പ് സാമൂഹ്യ മാദ്ധ്യമം വഴിയാണ് സോണാലി യുവാവിനെ പരിചയപ്പെട്ടത്. ടിഫാനി ആൻഡ് കോ എന്ന ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ സപ്പോർട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവതി ഒരു വെബ്സൈറ്റിന്റെ ലിങ്ക് യുവാവിൻ്റെ ടെലിഗ്രാം അക്കൗണ്ടിലേക്ക് നൽകി. ഈ സൈറ്റിലെ ടാസ്‌ക്കുകൾ പൂർത്തിയാക്കിയാൽ കമ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ചു. ആദ്യ ടാസ്കുകൾ വിജയകരമായി പൂർത്തിയാക്കി പണം ലഭിച്ചതോടെ യുവാവിന് വിശ്വാസമായി.


കൂടുതൽ ടാസ്‌ക്കുകൾ ലഭിക്കാൻ പണം നൽകണമെന്ന് വിശ്വസിപ്പിച്ച് യുവതി പലതവണയായി 13.98 ലക്ഷം രൂപ കൈക്കലാക്കി. ടാസ്‌ക്കുകൾ വിജയിക്കുമ്പോൾ ലഭിക്കുന്ന വലിയ തുകകൾ ആപ്പിൽ കാണിച്ചിരുന്നതിനാൽ യുവാവിന് തട്ടിപ്പാണെന്ന് തോന്നിയില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഏഴ് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. അതുവരെ ലഭിച്ച പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

തട്ടിയെടുക്കുന്ന പണം വളരെ വേഗം പത്തോളം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഐ.പി. മേൽവിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധാരണഗതിയിൽ എങ്ങുമെത്താറില്ല. മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ബീഹാർ, നേപ്പാൾ എന്നിവിടങ്ങളിലാണ് എത്തിനിന്നത്. പ്രാഥമിക അന്വേഷണത്തിൽ പണം ഝാർഖണ്ഡിലെ ഒരു അക്കൗണ്ടിലേക്കാണ് പോയതെന്ന് വ്യക്തമായിട്ടുണ്ട്. രാജ്യവ്യാപകമായി ഈ തട്ടിപ്പുകൾ വർദ്ധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *