കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി തായ്‌ലൻഡിൽ നിന്ന് 11 വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മർവാനും ഭാര്യയും 14 വയസ്സുള്ള മകനും പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ കൊലാലംപൂർ വിമാനത്താവളത്തിൽ നിന്നെത്തിയ കുടുംബത്തെ എക്‌സിറ്റ് പോയിന്റിൽ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.
ചെക്ക് ഇൻ ബാഗേജിൽ നിന്നാണ് ജീവനുള്ള പക്ഷികളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ മൃഗശാലകൾ മഖേന മാത്രമേ കൊണ്ടുവരാൻ സാധിക്കൂ. ഈ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പക്ഷികളെ കടത്തിയത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറി. കച്ചവട ലക്ഷ്യങ്ങളോടെയാണോ ഇവയെ കൊണ്ടുവന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. പക്ഷികളെ തായ്‌ലൻഡിലേക്ക് തന്നെ തിരികെ അയക്കും.
