Advertisment Image

കൊടകര കുഴൽപ്പണക്കേസ് കൊച്ചി ഇ.ഡി. കോടതിയിലേക്ക് മാറ്റാൻ നീക്കം. ഇ.ഡി.യുടെ ഈ നീക്കത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചു. ബി.ജെ.പി.യെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണ കവർച്ച നടന്ന് നാലുവർഷം പൂർത്തിയാകുമ്പോഴാണ് ഇ.ഡി.യുടെ ഈ നീക്കം.

തൃശൂർ: കൊടകര കുഴൽപ്പണക്കേസിന്റെ വിചാരണ എറണാകുളത്തെ കോടതിയിലേക്ക് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് എറണാകുളത്ത കോടതിയിലേക്ക് മാറ്റാനാണ് ഇ.ഡി.യുടെ ശ്രമം. ഇ.ഡി. കേസിനൊപ്പം ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി ഒന്നിച്ചു പരിഗണിക്കാമെന്നാണ് ആവശ്യം.

ഇ.ഡി.യുടെ ഈ നീക്കത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചു. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ മാത്രമാണ് ഇ.ഡി.ക്ക് അധികാരമെന്നും, മോഷണക്കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

ബി.ജെ.പി.യെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണ കവർച്ച നടന്ന് നാലുവർഷം പൂർത്തിയാകുമ്പോഴാണ് ഇ.ഡി.യുടെ ഈ നീക്കം. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബി.ജെ.പി. കേരളത്തിലെത്തിച്ച 3.5 കോടി രൂപ കൊടകരയിൽ വച്ച് കവർന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 2021 ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40നാണ് പണമുണ്ടായിരുന്ന വാഹനം തട്ടിപ്പുസംഘം കൊടകരയിൽ നിന്ന് കവർന്നത്. ഇത് കുഴൽപ്പണമാണെന്നും ബി.ജെ.പി. നേതാക്കൾക്ക് പങ്കുണ്ടെന്നും കേരള പൊലീസ് ആദ്യം ആരോപിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *