Advertisment Image

കോടതി ജാമ്യം നൽകിയത് വസ്തുതകൾ പരിശോധിക്കാതെ. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടത് അനിവാര്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ രണ്ടാം ബലാത്സംഗ കേസിൽ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗക്കേസിൽ ആർ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ രംഗത്ത്. സംഭവത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
വസ്തുതകൾ പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ അപ്പീലിൽ പറയുന്നു. രാഹുലിനെതിരായ ആദ്യ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത്തെ ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം ഉപാധികളോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയിൽ സംശയമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പരാതി നൽകിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷൻസ് കോടതി, രാഹുൽ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും നിരീക്ഷിച്ചു. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണെന്നും പൊലീസിന് പരാതി നൽകാതെ കെ.പി.സി.സി പ്രസിഡന്റിനാണ് പരാതി നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *