.
കൊച്ചി: 12 കിലോ കഞ്ചാവുമായി റെയിൽവേ താത്കാലിക ജീവനക്കാരൻ മുഹമ്മദ് ഫൈയാസുള്ള (45) റെയിൽവേ പൊലീസിന്റെ പിടിയിലായി. ടാറ്റാ നഗർ എക്സ്പ്രസിലെ ബെഡ്റോൾ ജീവനക്കാരനായ ബീഹാർ നളന്ദ സ്വദേശിയാണ് ഇയാൾ. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഇടപാടുകാരനെ കാത്തുനിൽക്കുമ്പോളാണ് ഇയാൾ പിടിയിലായത്.
റെയിൽവേ പൊലീസിന്റെ ശക്തമായ പരിശോധനയും നിരീക്ഷണവും സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നതിനിടെയാണ് തോൾബാഗുമായി നിന്ന ഫൈയാസുള്ളയെ ശ്രദ്ധയിൽപ്പെടുന്നത്. ബാഗ് തുറന്നുള്ള പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബാഗ് തന്റേതല്ലെന്നും കഞ്ചാവ് ആർക്ക് നൽകാൻ കൊണ്ടുവന്നതാണെന്ന ചോദ്യത്തിനും പ്രതി മറുപടി നൽകിയില്ല.
ഇയാളുടെ ഫോൺവിളി വിവരങ്ങൾ കേന്ദ്രീകരിച്ച് ഇടപാടുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 26ന് ഇതേ ട്രെയിനിലെ താത്കാലിക ബെഡ്റോൾ ജീവനക്കാരനായ പശ്ചിമബംഗാൾ മിഡിൻപൂർ കുണ്ടോൺബോണി സ്വദേശി സുകുലാൽ ടുടുവിനെയും (27), രണ്ട് മലയാളികളെയും 56 കിലോ കഞ്ചാവുമായി റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.
എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റാ നഗർ എക്സ്പ്രസിലെ എ വൺ കമ്പാർട്ട്മെന്റിൽ പുലർച്ചെ 4.45ഓടെ കഞ്ചാവ് കൈമാറുന്നതിനിടെയാണ് സുകുലാലിനെ അറസ്റ്റ് ചെയ്തത്. സുകുലാൽ പശ്ചിമബംഗാളിലെ ടാറ്റാ നഗറിൽനിന്ന് ഇവർക്കായി കഞ്ചാവ് എത്തിക്കുകയായിരുന്നു. ഫൈയാസുള്ളയും ടാറ്റാ നഗറിൽനിന്ന് തന്നെയാണ് കഞ്ചാവ് എത്തിച്ചത്.
