Advertisment Image

ദുബായിൽനിന്നെത്തിയ യുവാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ അഞ്ച് പേർ പിടിയിൽ.മർദിച്ച് ഫോണും പണവും കവർന്നു വഴിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംശയിച്ച് പോലീസ്

നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആൻ്റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40) യെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പുലർച്ചെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലിറങ്ങിയശേഷം ഇന്റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ-പെയ്ഡ് ടാക്സി കൗണ്ടറിലേക്കുപോകുമ്പോൾ പിന്നിൽനിന്നുംവന്ന മൂന്നുപേർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്നുപേർകൂടി ഉണ്ടായിരുന്നുവെന്നും മുഹമ്മദ് ഷാഫി പറയുന്നു. ഒരുലക്ഷംരൂപ വിലവരുന്ന ഐഫോണും ഹാൻഡ്‌ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയെന്നും സ്വർണം എവിടെയാണെന്ന് ചോദിച്ച് മർദിച്ചുവെന്നും ഷാഫി പറയുന്നു. പല സ്ഥലങ്ങളിലായി കറങ്ങിയശേഷം പുലർച്ചെ രണ്ടരയോടെ ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടു. ഉപദ്രവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി.

ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറിബോയ് ആയാണ് മുഹമ്മദ് ഷാഫി ജോലിചെയ്യുന്നത്. 2024 മേയിലാണ് ഒടുവിൽ നാട്ടിലെത്തി മടങ്ങിയത്. ആദ്യമായാണ് കൊച്ചി വിമാനത്താവളംവഴി വരുന്നത്.തട്ടിക്കൊണ്ടുപോകലിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡിവൈ എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.രാജേഷ്, എസ്.ഐമാരായ എസ്.എസ് ശ്രീലാൽ, പി ടി അനൂപ്, പി.ജി സാബു, എ എസ് ഐ എം വി ബിനു, സീനിയർ സി പിെ ജയിംസ് ജോൺ സി.പി.ഒമാരായ ഇ.എസ് സജാസ്, സ്മിജിത്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *