Advertisment Image

നടൻ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ. നികത്താനാവാത്ത വിടവെന്ന് മലയാള സിനിമാലോകം

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. നീണ്ട 48 വർഷത്തെ സിനിമാ ജീവിതത്തിൽ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം.

നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമ്മത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചവരിൽ മുൻപന്തിയിലാണ്. 1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.

പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. സന്മനസ്സുള്ളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി.

1991-ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *