കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ ലഹരിമരുന്ന് കേസിൽ പൊലീസിന് തിരിച്ചടി. താരം ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.
ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവയുടെ സാമ്പിളുകൾ അന്വേഷണസംഘം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ, ഈ പരിശോധനയിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത നടന്റെ സുഹൃത്ത് അഹമ്മദ് മുർഷിദിനെ പിന്നീട് വിട്ടയച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഡാൻസാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് താരത്തിന് നോട്ടീസ് നൽകി വിളിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു.
ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരുന്നത്. താരത്തെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി അന്ന് എസിപി അറിയിച്ചിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലം അനുകൂലമായതോടെ കേസിൽ പൊലീസിന്റെ വാദങ്ങൾ ദുർബലമായിരിക്കുകയാണ്.
