സുഹൃത്തിനെ തീവെച്ച് കൊല്ലാൻ ശ്രമിച്ചത്
750രൂപ കട്ടെടുത്തത് ചോദ്യംചെയ്തപ്പോൾ
കൊച്ചി: പോക്കറ്റിൽനിന്ന് 750 രൂപ തട്ടിയെടുത്തത് ചോദ്യംചെയ്ത സുഹൃത്തിനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊച്ചി സ്വദേശി ആന്റണിയാണ് (അന്റപ്പൻ) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. പിറവം കാരക്കോട് നെല്ലിക്കുഴി വീട്ടിൽ ജോസഫ് മത്തായിയാണ് (56) പെട്രോൾ ആക്രമണത്തിന് ഇരയായത്. 45 ശതമാനം പൊള്ളലേറ്റ ജോസഫ് മത്തായി കളമശേരി മെഡിക്കൽ കോളേജ് ബേൺ ഐ.സി.യുവിൽ ചികിത്സയിലാണ്. കടവന്ത്ര ജംഗ്ഷന് സമീപം ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു പെട്രോൾ ആക്രമണം.
വീടുവിട്ട് കൊച്ചി നഗരത്തിൽ ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തും മറ്റും കഴിയുന്നവരാണ് അന്റപ്പനും ജോസഫും. സുഹൃത്തുക്കളായ ഇരുവരും കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിലെ മെട്രോപ്പില്ലൽ 780781നും ഇടയിലാണ് വർഷങ്ങളായി രാത്രി താമസം. തന്റെ പോക്കറ്റിൽനിന്ന് പണം മോഷ്ടിച്ചത് ശനിയാഴ്ച ജോസഫ് ചോദ്യംചെയ്തിരുന്നു. ഇതിന്റെ പകയിൽ പിറ്റേന്ന് രാത്രി പെട്രോളുമായി എത്തിയ അന്റപ്പൻ, കമിഴ്ന്ന് കിടന്നുറങ്ങുകയായിരുന്ന ജോസഫിന്റെ മുതുകിലേക്കൊഴിച്ച് തീവയ്ക്കുകയായിരുന്നു. വെള്ളമെന്ന് കരുതി ജോസഫ് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്റപ്പൻ തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടത്.
ജോസഫിന്റെ തലമുതൽ പാദം വരെ തീ ആളിപ്പടർന്നു. സ്വയം തീ കെടുത്തിയ ജോസഫ് കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി സഹായംതേടി. സമീപത്തെ ഇന്ദിരാഗാന്ധി ആശുപത്രിയുടെ ആംബുലൻസ് വരുത്തിച്ച് ഇയാളെ പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആന്റണിയാണ് ആക്രമിച്ചതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജോസഫ് പൊലീസിനെ അറിയിച്ചു. ജോസഫിന്റെ പോക്കറ്റിൽനിന്ന് കഴിഞ്ഞ ദിവസം പണമെടുത്തെന്നും ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നും ജോസഫ് പൊലീസിനോട് വെളിപ്പെടുത്തി.
ജോസഫിനെ ആക്രമിച്ച് രക്ഷപ്പെട്ട ആന്റണിയെ രാവിലെ എട്ടോടെ പിടികൂടി. നഗരത്തിലെ ഒരു ലോഡ്ജിൽ കുളിച്ചൊരുങ്ങുന്നതിനിടെയാണ് ആന്റണി പിടിയിലായത്. ജോസഫിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കുപ്പിയിൽ പെട്രോളുമായാണ് ആന്റണി എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എളംകുളത്തെ ഒരു പെട്രോൾ പമ്പിൽനിന്ന് ജോലി ആവശ്യത്തിനായി ഒരു മാസം മുമ്പ് വാങ്ങിയ പെട്രോളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പള്ളുരുത്തി സ്റ്റേഷനിലെ പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ആന്റണി.
