Advertisment Image

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ തീർപ്പായത് ഈ മൂന്ന് പരാതികൾ മാത്രം

പറവൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ദീന്റെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ മൂന്ന് പരാതികൾ തീർപ്പാക്കി.
നിയമനം,തൊഴിൽ തർക്കം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പരിഗണനയ്ക്ക് വന്നത്.പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ താഴ്ന്ന തസ്തികകളിൽ നിന്ന് തൊട്ടടുത്ത തസ്തികകളിലേക്ക് പ്രമോഷൻ നൽകുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ലഭിച്ചില്ലെന്ന് ആരോപിച്ച് അയ്യമ്പുഴ സ്വദേശി നൽകിയ പരാതി കമ്മീഷൻ പരിശോധിച്ചു. ന്യൂനപക്ഷ സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിലാണ് അവസരം നഷ്ടമായതെന്ന മാനേജ്‌മെന്റിന്റെ റിപ്പോർട്ട് പരിഗണിച്ച് പരാതി തീർപ്പാക്കി.

കളമശ്ശേരി ഹിദായത്ത് നഗർ മസ്ജിദിലെ രണ്ടു ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതിനെതിരെ നൽകിയ പരാതിയും കമ്മീഷൻ പരിഗണിച്ചു. ഈ വിഷയം നിലവിൽ തൊഴിൽ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് കമ്മീഷൻ റിപ്പോർട്ട് നൽകി. തൊഴിൽ വകുപ്പിന്റെ തീരുമാനത്തിൽ പരാതിക്കാർക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കമ്മീഷനെ വീണ്ടും സമീപിക്കാമെന്ന നിർദ്ദേശത്തോടെ കേസ് തീർപ്പാക്കി.

കഴിഞ്ഞ വർഷം കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ നടന്ന ഡെപ്യൂട്ടി മാനേജർ റിക്രൂട്ട്‌മെന്റ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി നൽകിയ പരാതിയിലും കമ്മീഷൻ തീർപ്പു കൽപ്പിച്ചു. നിയമന രേഖകൾ കമ്മീഷൻ മുൻപാകെ കോർപ്പറേഷൻ സമർപ്പിക്കുകയും പരാതിക്കാരനോട് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരനിൽ നിന്ന് യഥാസമയം ആക്ഷേപം ലഭിക്കാത്ത സാഹചര്യത്തിൽ, കോർപ്പറേഷൻ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ പരാതി തീർപ്പാക്കി.

സിറ്റിങ്ങിൽ ആകെ ആറു കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. മൂന്ന് കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. സിറ്റിംഗിനിടെ ഒരു പുതിയ പരാതിയും കമ്മീഷന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *