Advertisment Image

മദ്യം സംഘടിപ്പിച്ച് നൽകിയും ഒന്നിച്ചിരുന്ന് മദ്യപിച്ചും സൗഹൃദം സ്ഥാപിച്ച് കൊള്ളയടി. ഇരയായത് യു.എസ് പൗരൻ. പ്രതികൾ പിടിയിൽ സംഭവം വോട്ടെണ്ണൽ ദിനത്തിൽ

കൊച്ചി: കൊച്ചിയിൽ വിനോദസഞ്ചാരിയെ കൊള്ളയടിച്ചു. യു.എസ്. പൗരത്വമുള്ള ഒഡീഷ സ്വദേശി പരേഷ് പുഹാനാണ് കവർച്ചയ്ക്കിരയായത്. ഇയാളുടെ ഒരുലക്ഷം രൂപയും ഡോളറും സ്വർണമോതിരവും നഷ്ടപ്പെട്ടു. സംഭവത്തിൽ ആസൂത്രകനെയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് പിടിയിലായത്. ഞായറാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.ഡ്രൈഡേയായ വോട്ടെണ്ണൽ ദിനത്തിൽ മദ്യം സംഘടിപ്പിച്ച് നൽകിയും ഒന്നിച്ചിരുന്ന് മദ്യപിച്ചും സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു കൊള്ളയടി.കേരളം ചുറ്റിക്കാണാൻ ഏതാനും ദിവസം മുമ്പാണ് പരേഷ് പുഹാൻ കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഹോട്ടലിലായിരുന്നു താമസം. 13ന് വോട്ടെണ്ണൽ ആയിരുന്നതിനാൽ ബാറും ബിവറേജസിനുമെല്ലാം പൂട്ടുവീണിരുന്നു. മദ്യപിക്കുന്നതിനായി മറൈൻ ഡ്രൈവിലേക്ക് ഇറങ്ങിയപ്പോഴാണ് ‘സാധനം’ കിട്ടില്ലെന്ന് പരേഷ് പുഹാൻ അറിയുന്നത്. മദ്യം സംഘടിപ്പിക്കാനുള്ള പിന്നീടുള്ള അന്വേഷണത്തിലാണ് ആദർശിനെ പരിചയപ്പെട്ടു. മദ്യം സംഘടിപ്പിക്കാമെന്ന് ഉറപ്പുനൽകിയ ആദർശ്, ഒന്നിച്ചിരുന്ന് കഴിക്കാനുള്ള ആവശ്യം മുന്നോട്ടുവച്ചു. ഇത് അംഗീകരിച്ചതോടെ വൈകിട്ട് മദ്യവുമായി നപരേഷിന്റെ മുറിയിൽ എത്തി. അമിതമായി മദ്യം അകത്താക്കിയ യു.എസ്. പൗരൻ പൂസായി ഉറങ്ങിപ്പോയി. ഈ തക്കത്തിന് കൊള്ളയടി ആസൂത്രണംചെയ്ത് ആദർശ് കൂട്ടാളിയോട് പിറ്റേന്ന് രാവിലെ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. പുലർച്ചെ ഇരുവരും ചേർന്ന് പരേഷിനെ മർദ്ദിച്ച് അവശനാക്കി ഡോളറും സ്വർണാഭരണവുമെല്ലാം കൈക്കലാക്കി. പിന്നീട് അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപയും വാങ്ങിയെടുത്തു.നാണക്കേട് ഓർത്ത് പരേഷ് പുഹാൻ പരാതി നൽകാൻ ആദ്യം മടിച്ചു. എന്നാൽ വൈകിട്ടോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പിന്നീടുള്ള അന്വേഷണത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആദർശിനെ ഇന്നലെ പേട്ടയിൽ നിന്ന് പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പിന്നാലെ ആകാശിനെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *