ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിൽ എത്തിച്ച ഡ്രൈവർ ജോസ് പിടിയിലായി. രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നെന്ന് കരുതുന്ന ബംഗളൂരുവിലെ സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
രാഹുലുമായി തനിക്ക് ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നുമാണ് ജോസിന്റെ മൊഴി. ബംഗളൂരുവിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറാണ് ഇയാൾ. ഡ്രൈവറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചിലയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താനായില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒളിവിൽക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബംഗളൂരുവിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. കർണാടകകേരള അതിർത്തിയിൽ പോലീസ് തിരച്ചിൽ ശക്തമാക്കി. എംഎൽഎ ഒളിവിൽ കഴിയാൻ തുടങ്ങിയിട്ട് എട്ടാം ദിവസമാണ് ഇന്ന്.
വിവരം ചോരാനുള്ള പഴുതുകൾ അടച്ചാണ് അന്വേഷണം നടക്കുന്നതെങ്കിലും പോലീസിൽ നിന്നുതന്നെ രാഹുലിന് വിവരം ചോർന്നുകിട്ടുന്നതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രാഹുൽ രക്ഷപ്പെട്ടതാണ് ഈ സംശയത്തിന് കാരണം. എസ്‌ഐടി നീക്കങ്ങൾ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിർദേശം.
