Advertisment Image

വന്നത് ശാന്തനായി. മടങ്ങിയത് അഗ്നിശുദ്ധിവരുത്തി ശക്തനായി. കോടതി പരിസരത്ത് വിജയാഹ്ലാദം. ലഡുവിതരണം ചെയ്ത് ഫാൻസ്

കൊച്ചി: കേട്ടുകേൾവിയില്ലാത്ത കേസ്. പ്രതിസ്ഥാനത്തുള്ളത് മലയാള സിനിമയിലെ ജനപ്രിയനടൻ. നടിയെ ആക്രമിച്ച കേസിലെ നിർണായക വിധിദിനം ഏവരുടെയും ശ്രദ്ധ എട്ടാം പ്രതിയായിരുന്ന ദിലീപിലേക്കായിരുന്നു. ഗൂഢാലോചനാ കുറ്റത്തിന് ശിക്ഷിക്കപ്പെടുമോയെന്ന് നാടൊട്ടുക്കെ ഉറ്റുനോക്കി. എന്നാൽ ശാന്തനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയ ദിലീപ് അഗ്‌നിശുദ്ധി വരുത്തി ശക്തനായി മടങ്ങുന്ന കാഴ്ചയ്ക്കാണ് ഇന്നലെ കോടതിയും പരിസരവും സാക്ഷിയായത്.

രാവിലെ ഒമ്പതരയോടെയാണ് ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിൽ നിന്ന് വെളുത്ത ഇന്നോവ കാറിൽ എറണാകുളത്തേയ്ക്ക് തിരിച്ചത്. ഡ്രോൺ ഉപയോഗിച്ച് കാറിലേക്ക് കയറുന്നത് ദൃശ്യം പകർത്താനുള്ള ശ്രമം കുടചൂടി ദിലീപ് മറച്ചു. മറ്റൊരു കാറിൽ ദിലീപിന്റെ സഹോദരൻ അനൂപും സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത്തും അനുഗമിച്ചു.
അഭിഭാഷകൻ ബി. രാമൻപിള്ളയുടെ ഓഫീസിലെത്തി അൽപ്പസമയം കൂടിക്കാഴ്ച. കൃത്യം 10.27 ഓടെ ദിലീപിന്റെ കാർ കോടതി വളപ്പിൽ. വെള്ള ഷർട്ടും കരിനീല ജീൻസുമായിരുന്നു വേഷം. നെറ്റിയിൽ ചുവന്ന കുറിയും കൈയിലും കഴുത്തിലും ജപിച്ച ചരടുകളും അണിഞ്ഞിരുന്നു. ക്യാമറകൾക്ക് പിടികൊടുക്കാതെ തലതാഴ്ത്തി ശാന്തനായി കോടതി മുറിയിലേക്ക്.

കേസിലെ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ എന്തും നേരിടാൻ തയ്യാറാണെന്ന മുഖഭാവമായിരുന്നു ദിലീപിന്. വെറുതെവിട്ടുവെന്ന വിധി കേട്ടതോടെ വികാരദീനനായി. കണ്ണുകൾ നിറഞ്ഞു. നടപടികൾ പൂർത്തിയാക്കി 11.45 ഓടെ കോടതിക്ക് പുറത്തേയ്ക്കുള്ള വരവ് സിനിമാ െ്രസ്രെലിലായത് യാദൃശ്ചികം. കറുത്ത കോട്ടും ഗൗണുമിട്ട വക്കീലന്മാരുടെ കൈയടികൾക്ക് നടുവിലായി ആരാധകർക്ക് നേരെ കൈകൾ വീശി സർവശക്തനെപ്പോൽ പടിക്കെട്ടുകൾ ഓരോന്നിറങ്ങി മാദ്ധ്യമ പടയ്ക്ക് മുന്നിലേക്ക്. കോടതി മതിലിനപ്പുറം തടിച്ചുകൂടിയ ആരാധകരുടെ ആർപ്പുവിളികൾ ഉയർന്നു. മാദ്ധ്യമങ്ങളോട് ശുഷ്‌കമായി പ്രതികരിച്ച് കാറിൽ രാമൻപിള്ളയുടെ വസതിയിലേക്ക്.

തനിക്ക് കരുത്തായ അഭിഭാഷകനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തവും നൽകിയാണ് ദിലീപ് സന്തോഷം പങ്കിട്ടത്. ഒപ്പം നിന്ന അഭിഭാഷകരെ ഓരോരുത്തരെയും പേരെടുത്ത് നന്ദി പറഞ്ഞു. ഉച്ചയോടെ ദിലീപ് ആലുവയിലെ വീട്ടിൽ എത്തുമ്പോഴേക്കും പത്മസരോവരത്തിന് മുന്നിൽ ആരാധകർ നിറഞ്ഞിരുന്നു. പിന്തുണ നൽകിയവർക്കെല്ലാം ഹസ്തദാനം നൽകി. ഗേറ്റ് കടന്ന് അകത്തെത്തിയ ദിലീപിനെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ വനിതകൾ കൈകൾ കൊടുത്ത് സന്തോഷം പങ്കിട്ടു. ഓടിയെത്തി മകൾ മഹാലക്ഷ്മിയെ ദിലീപ് വാരിയെടുത്തു. ഒരു പൊൻമുത്തവും മഹാലക്ഷ്മി നൽകി. കാവ്യയും ദിലീപിനെ വാരിപ്പുണർന്നു. സന്തോഷം മുത്തമായി കവിളത്ത് പതിച്ചു. കുടുംബാംഗങ്ങളെല്ലം ദിലീപിനെ ആശ്ലേഷിച്ചു. നിലവിളക്ക് തെളിച്ചാണ് ദിലീപിനെ വീട്ടിലേക്ക് ആനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *