Advertisment Image

ശബരിമല സ്വർണ്ണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നു. എഫ്‌ഐആറും, മൊഴി പകർപ്പും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി. കോടതിയിൽ. ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തു

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ അറിയിച്ചു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, കേസിലെ എഫ്‌ഐആറും, മൊഴി പകർപ്പും അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം വിജിലൻസ് കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമർപ്പിച്ചത്.

നേരത്തെ കേസിലെ എഫ്‌ഐആറും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി റാന്നി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും, രേഖകൾ കൈമാറാനാകില്ലെന്നും പറഞ്ഞ് കോടതി അപേക്ഷ തള്ളി. തുടർന്ന് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കേസ് പരിഗണിക്കുന്ന കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം.

സ്വർണക്കൊള്ളയിലെ ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർത്തു. നിലവിൽ എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എതിർപ്പ് രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *