Advertisment Image

ശ്രീനിവാസന് വിട നൽകി കേരളം. പേനയും പേപ്പറും നെഞ്ചോട് ചേർത്ത് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കി. വൈകാരിക നിമിഷങ്ങൾക്ക് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായി

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11.50ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തി. വൈകാരിക നിമിഷങ്ങൾക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേർത്താണ് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. പ്രിയ താരത്തെ ഒരുനോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിനും ജനസാഗരമാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.

രാഷ്ട്രീയ സിനിമ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാളികളുടെ മുഴുവൻ സ്‌നേഹവും ഏറ്റുവാങ്ങിയാണ് ശ്രീനിവാസൻ മടങ്ങുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിടപറഞ്ഞ വേദനയിലാണ് മലയാളികൾ. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. മലയാളിയുടെ ഏത് ജീവിത സാഹചര്യത്തിലും ഉപയോഗിക്കാൻ കഴിയുന്ന ഒട്ടേറെ ഡയലോഗുകളും കഥാപാത്രങ്ങളും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. 2012ലാണ് കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകളോളം പരന്നുകിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസൻ വാങ്ങുന്നത്.

തരിശുപാടങ്ങളെ അദ്ദേഹം കൃഷിനിലങ്ങളാക്കി മാറ്റി. കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ. ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥാ രചനയുടെ തുടക്കം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥയെഴുതിയ ശ്രീനിവാസൻ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *