കൊച്ചി: കളമശേരി എച്ച്.എം.ടി കമ്പനിക്കെതിർവശത്തെ കാടുമൂടിയ ചതുപ്പിൽ കണ്ടെത്തിയ മൃദേഹം ബംഗളൂരൂ സ്വദേശി സൂരജ് ലാമയുടേതാണോ എന്ന് തിരിച്ചറിയാനുള്ള ഡി.എൻ.എ ഫലം വൈകും. പോസ്റ്റ്‌മോർട്ടത്തിൽ ഡി.എൻ.എ പരിശോധനയ്ക്കുള്ള സാമ്പിളുകളും നേരത്തേ ശേഖരിച്ച ലാമയുടെ മകൻ സാന്റോണിന്റെ രക്തസാമ്പിളുകളും ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഫലം വരാൻ അഞ്ചു ദിവസങ്ങളെങ്കിലും വേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. കാരണം എത്രയെളുപ്പം ഡിഎൻഫ റിപ്പോർട്ട് കിട്ടില്ല. ചുരുങ്ങിയ സമയമാണ് അഞ്ച് ദിവസം. ഒരുമാസം വരെ നീണ്ട കേസുകളുമുണ്ട്.
പിതാവിനെ കാണാതായതിൽ കളമശേരി മെഡിക്കൽ കോളജിനും പൊലീസിനും വീഴ്ച പറ്റിയെന്ന് മകൻ സാന്റോൺ ലാമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി അലഞ്ഞു നടന്നതിനൊടുവിലാകാം സൂരജ് ലാമ എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടിലേക്ക് ഇറങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഇവിടുത്തെ ചതുപ്പിൽ നിന്ന് കയറിപ്പോരാൻ കഴിയാതെ ലാമ കുടുങ്ങിയതാവാം. കണ്ടെത്തിയ മൃദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ട്. മരണകാരണം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല. എല്ലുകൾക്ക് ഒടിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ മൂലമാണ് പിതാവിനെ കാണാതായതെന്ന് സാന്റോൺ ലാമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അജ്ഞാത മൃദേഹം പിതാവിന്റെതാണോ എന്ന് അറിയാൻ കൊച്ചിയിലെത്തിയപ്പോഴാണ് മെഡിക്കൽ കോളജ് അധികൃതർക്കെതിരെ സാന്റോൺ രൂക്ഷവിമർശനമുയർത്തിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചത്. ഇത് സിസ്റ്റത്തിന്റെ വീഴ്ചയാണ്. പിതാവിനെ കാണാതായതിന് പിന്നാലെ മെഡിക്കൽ കോളജിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരാൾ ചികിത്സ തേടിയിട്ടില്ലെന്നാണ് അധികൃതർ ആദ്യം പറഞ്ഞത്. മാധ്യമങ്ങളിൽ വാർത്ത വരികയും പിന്നീട് പൊലീസിനൊപ്പം മെഡിക്കൽ കോളജിലെത്തി അന്വേഷിക്കാനെത്തിയപ്പോൾ പിതാവിനെ ചികിത്സിച്ചിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. രജിസ്റ്ററിൽ അജ്ഞാതൻ എന്ന് ആദ്യം രേഖപ്പെടുത്തിയത് പിന്നീട് സൂരജ് ലാമ എന്നാക്കി. പിതാവിന്റെ അസുഖം ഭേദമായതുകൊണ്ടാണ് വിട്ടയച്ചതെന്നാണ് സൂപ്രണ്ട് പറഞ്ഞത്. വിഷമദ്യ ദുരന്തത്തിൽപ്പെട്ട് ഓർമശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമായതെന്നും സാന്റോൺ ചോദിച്ചു.
മദ്യദുരന്തത്തിന് ഇരയായി മാനസികനില തെറ്റി, ഓർമശക്തി നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് കയറ്റി വിടുകയായിരുന്നു. പാസ്‌പോർട്ട് മാത്രം കൈയിലുള്ള, ഓർമശക്തി നഷ്ടപ്പെട്ട ഒരാൾ എങ്ങനെയാണ് ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തു വന്നതെന്ന് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് ഹർജിയിൽ സാന്റോൺ ചോദിച്ചിരുന്നു. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് വിശദമായ അന്വേഷണത്തിന് വഴിതുറന്നത്.
