Advertisment Image

2005ൽ പവന് 5000 രൂപ. 20 വർഷം കൊണ്ട് കുതിച്ചത് ഒരു ലക്ഷത്തിലേക്ക്. ഇന്നത്തെ സ്വർണവില 1,01,600 രൂപ. ഈ കുതിപ്പ് ചരിത്രത്തിൽ ആദ്യം

പറവൂർ: സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കുമാണ് വില ഇത്രയേറെ വർദ്ധിക്കുന്ന സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം പവന് 50,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2005ൽ പവന് വെറും 5,000 രൂപയായിരുന്ന സ്ഥാനത്താണ് 20 വർഷം കൊണ്ട് വില ഒരു ലക്ഷത്തിലെത്തിയത്.

2024 മാർച്ച് 29നാണ് സ്വർണവില ആദ്യമായി 50,000 രൂപ കടന്നത് (50,400 രൂപ). തുടർന്ന് ഏപ്രിൽ മാസത്തിൽ തന്നെ വില 51,000 മുതൽ 54,000 വരെയായി ഉയർന്നു. മേയ് മാസത്തിൽ വില 55,000 കടന്നു. പിന്നീട് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 22നാണ് സ്വർണവില 60,000 രൂപയിലെത്തിയത്. അവിടെനിന്ന് വെറും ഒരു വർഷത്തിനുള്ളിൽ പവന് 40,000 രൂപയിലധികം വർദ്ധിച്ചു എന്നത് വിപണിയെ അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

ഈ വർഷം ഏപ്രിൽ 12ന് 70,000 കടന്ന സ്വർണവില, സെപ്തംബർ 9നാണ് 80,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. സെപ്തംബറിലെ കുതിപ്പിന് പിന്നാലെ സ്വർണവില വൈകാതെ ഒരു ലക്ഷം തൊടുമെന്ന വിപണി വിദഗ്ധരുടെ പ്രവചനം ശരിവെച്ചുകൊണ്ടാണ് ഡിസംബർ 23ന് വില സർവകാല റെക്കോർഡിലെത്തിയത്. ഒക്ടോബർ എട്ടിന് 90,000 കടന്ന സ്വർണവില വെറും രണ്ട് മാസത്തിനുള്ളിലാണ് ഒരു ലക്ഷം എന്ന ചരിത്രനേട്ടം കൈവരിച്ചത്.

വരുംദിവസങ്ങളിലും വില ഉയരാനാണ് സാദ്ധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് ഈ വിലക്കയറ്റം വലിയ നേട്ടമുണ്ടാക്കുമ്പോൾ, വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്ന സാധാരണക്കാർക്ക് വിലയിലുള്ള ഈ കുതിച്ചുചാട്ടം വലിയ സാമ്പത്തിക ബാദ്ധ്യതയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *