വൈക്കം ലങ്കോ പൊലീസ് പിടിയിൽ; പുറത്തുവന്നത് ഹൈവേ റോബറി
വരാപ്പുഴ: കൊച്ചി സിറ്റി പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ഹൈവേ റോബറി ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. വൈക്കം തലയാഴം ലക്ഷംവീട് ഉന്നതിയിൽ ഒണിശ്ശേരിയിൽ വീട്ടിൽ അഖിൽ (ലങ്കോ, 32) നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്.
തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കൺവിക്ഷൻ വാറന്റ് പ്രകാരം വരാപ്പുഴ കോതാട് വച്ച് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്.
വിവിധ പോലീസ് സ്റ്റേഷനുകളിലായി 42ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്. മുൻപ് ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹൈവേ റോബറി അടക്കമുള്ള കൂടുതൽ കേസുകളുടെ വിവരങ്ങൾ പുറത്തുവന്നത്.
ഇൻസ്‌പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ. എം.എ. ബിജു, എ.എസ്.ഐ. ജനീഷ്, സീനിയർ സി.പി.ഒ. ജിതിൻ, സി.പി.ഒ. ജോബി ജോസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
