Advertisment Image

ക്ലാസ് കട്ട് ചെയ്യിപ്പിച്ചൂ, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. സ്‌കൂളിൽ എത്തിയിട്ടില്ലെന്ന വിവരം പണിയായി. നാവികനെ കുടുക്കിയത് കുട്ടിയുടെ മുങ്ങൽ !

പറവൂർ: പ്രണയം നടിച്ച് പത്താംക്ലാസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്ത് സീമാൻ അറസ്റ്റിൽ. ഹരിയാന സ്വദേശി അമിത്താണ് (27) ഹാർബർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊച്ചിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.

ഏതാനും വർഷം മുമ്പ് കൊച്ചിയിൽ എത്തിയ അമിത് സ്‌നാപ് ചാറ്റ് വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. 21 വയസേയുള്ളൂവെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് ഇയാൾ കുട്ടിയെ പ്രണയക്കെണിയിൽ വീഴ്ത്തിയത്. ഒരു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ നിർബന്ധിപ്പിച്ച് ക്ലാസ് കട്ട് ചെയ്യിച്ചു. തുടർന്ന് ബൈക്കിൽ താമസസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.

ഈ സമയം കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചതോടെ ആശങ്കയുയർന്നു. മാതാപിതാക്കൾ ഹാർബർ പൊലീസിൽ പരാതി നൽകി. പൊലീസ് ഒരു വശത്തും രക്ഷിതാക്കൾ മറ്റൊരു ദിശയിലും അരിച്ചുപെറുക്കി. പക്ഷേ കുട്ടിയെ കണ്ടെത്താനായില്ല. ഇതൊന്നുമറിയാതെ നാലോടെ കുട്ടി വീട്ടിലെത്തി.

കൊച്ചിയിലെ ഒരു മാളിൽ പോയിരിക്കുകയായിരുന്നു എന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. വിശദമായി ചോദിച്ചപ്പോൾ കുട്ടി നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചതോടെ അറസ്റ്റും വേഗത്തിലായി. 27 വയസ്സുകാരനായ പ്രതി വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം തുടങ്ങി. വകുപ്പുതല നടപടി ഉടനുണ്ടാകും. പിരിച്ചുവിട്ടേക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *