പറവൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ത്യ കൈവരിച്ചിട്ടുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളും സാധ്യമാക്കിയിട്ടുള്ളത് അതാത് കാലത്തെ കോൺഗ്രസ് ഗവൺമെന്റുകളാണ്. രാജ്യം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകമ്പോഴാണ് ഇന്ദിരാഗാന്ധിയെ പോലെയുള്ള ഭരണകർത്താക്കളുടെ പ്രസക്തി ഇന്ത്യ തിരിച്ചറിയുന്നത്. ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി സർക്കാർ ഉപയോഗിക്കുകയാണ്. പലയിടത്തും ജനവിധി അട്ടിമറിച്ച് സർക്കാരിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അടക്കം ഇത്തരം വിഷയങ്ങളെല്ലാം ചർച്ചയാകുമെന്നും കെ ബാബു എംഎൽഎ കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, എം ആർ അഭിലാഷ്, നേതാക്കളായ എൻ വേണഗോപാൽ, ടോണി ചമ്മിണി, എം ഒ ജോൺ, ജോസഫ് ആന്റണി, കെ വി ആന്റണി, ബെന്നി പുത്തൻവീടൻ, പി എ സഹീർ, നോർമൻ ജോസഫ്, ഒ ഡി സേവ്യർ, ബാലചന്ദ്രൻ, പി സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവ്;രാഷ്ട്രത്തെ സമാനതകളില്ലാത്ത വികസനകുതിപ്പിലേക്ക് നയിച്ചു: കെ.ബാബു
