Advertisment Image

ഷാഫി പറമ്പിലിനോട് അന്നേ പറഞ്ഞിരുന്നു, പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന്. പക്ഷേ പുച്ഛിച്ച് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തുറന്നടിച്ച് മുൻ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുൻ യൂത്ത് കോൺഗ്രസ് നേതാവ് എംഎ ഷഹനാസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു മറുപടിയെന്ന് ഷഹനാസ് തുറന്നടിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച ആ പെണ്ണിന് ഒപ്പം മുന്നോട്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് താൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് താനെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ തന്നെ ചോദ്യം ചെയ്തു. സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു. തന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ് . അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് തന്നെ ആക്രമിച്ചാൽ പോലും അത് എന്നും സ്ത്രീപക്ഷം തന്നെയാണെന്നും ഷഹനാസ് വ്യക്തമാക്കി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് രാഹുൽ മാങ്കൂട്ടം. അയാളാണ് ഇന്ന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്ത് എത്തി നിൽക്കുമ്പോൾ പാർട്ടിയെ ഇരുട്ടിലാക്കിയിരിക്കുന്നത്. ഇത് അണികൾ ഓർക്കണം. സോഷ്യൽ മീഡിയയിൽ ഇരകൾ എന്നു പറഞ്ഞുവരുന്ന മുഴുവൻ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ക്രിമിനൽ ആയിട്ടുള്ള ഈ വ്യക്തിക്ക് വേണ്ടിയിട്ടാണ് എന്ന് നിങ്ങൾ മനസിലാക്കണം. ഇന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടം നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് എന്ന ഗതികേട് കൂടി മനസിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. ഇന്ന് പാർട്ടിക്ക് കളങ്കം വരുത്തിയത് നിങ്ങൾ ആഘോഷം ആക്കുന്ന രാഹുൽ മാങ്കൂട്ടം തന്നെയാണെന്നും ഷഹനാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *